ധാക്ക : പ്രവാചകനെക്കുറിച്ച് ഫേസ്ബുക്കിൽ “അധിക്ഷേപകരമായ കമൻ്റുകൾ” നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ജനക്കൂട്ടം ഒരു ഹിന്ദു ബാലനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ബാലനെ ഒടുവിൽ വൈദ്യസഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ കൊണ്ടുപോയി.
മുഹമ്മദ് നബിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് 15 വയസ്സുള്ള ഉത്സവ് മൊണ്ടൽ എന്ന ഹിന്ദു ബാലനെ ബംഗ്ലാദേശിലെ പോലീസ് സ്റ്റേഷനിൽ വെച്ച് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഖുൽനയിലെ സോനാദംഗ റസിഡൻഷ്യൽ ഏരിയയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.ഉത്സവ് മൊണ്ടൽ മരിച്ചതായി ആദ്യം പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട് അത് തെറ്റാണെന്നു പോലീസ് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി 11:45 ഓടെ പ്രദേശത്തെ ഒരു കൂട്ടം മദ്രസ വിദ്യാർത്ഥികൾ ഉത്സവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അയാൾ പ്രവാചകനെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ “ആക്ഷേപകരമായ കമൻ്റുകൾ” പോസ്റ്റ് ചെയ്തുവെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ മുസ്‌ലിം വിദ്യാർത്ഥികളും ഇമാം അസോസിയേഷൻ അംഗങ്ങളും ഉൾപ്പെടുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. ഉത്സവ് മൊണ്ടലിന് ഉടനടി കഠിനമായ ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.
മദ്രസാ വിദ്യാർത്ഥികൾ ഉത്സവിനെ അവരുടെ സ്വന്തം നിയമങ്ങൾക്കനുസൃതമായി വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് ഖുൽന മെട്രോപൊളിറ്റൻ പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ (സൗത്ത്), മുഹമ്മദ് താജുൽ ഇസ്ലാം സ്ഥിരീകരിച്ചു.
നിലവിലുള്ള നിയമപ്രകാരം കേസെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകിയെങ്കിലും ഇത് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തിയില്ല. വൈകുന്നേരത്തോടെ പ്രതിഷേധക്കാരുടെ എണ്ണം ആയിരത്തോളമായി ഉയർന്നു. അതിനിടെ ഉത്സവ് മരിച്ചു എന്നൊരു അഭ്യൂഹം പരക്കുകയായിരുന്നു. എന്നാൽ, ഉത്സവ് ജീവിച്ചിരിപ്പുണ്ടെന്നും പോലീസ് കസ്റ്റഡിയിലാണെന്നും വ്യക്തമായതോടെ പ്രതിഷേധക്കാർ കൂടുതൽ രോഷാകുലരായി. ഇയാളെ തങ്ങൾക്ക് കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു.
അർദ്ധരാത്രിയോടെ നിയന്ത്രണാതീതമായ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും അവരുടെ സാന്നിധ്യത്തിൽ ഉത്സവിനെ മർദ്ദിക്കുകയും ചെയ്തു. ആ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഒടുവിൽ ഉത്സവിനെ സൈനിക ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉത്സവ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെ അധികൃതർ സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ മതനിന്ദയ്‌ക്ക് കേസെടുത്തിട്ടുണ്ട്.
ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ബാലനെ വൈദ്യസഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന ചിത്രം തസ്ലീമ നസ്രീൻ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.















