കാട്ടിലെ രാജാവെന്നാണ് സിംഹത്തെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. അവന്റെ തലയെടുപ്പും നടത്തവുമെല്ലാം ഒരു രാജാവിന്റേത് പോലെ തന്നെയാണെന്നാണ് കാണുന്നവരും ഒന്ന് ചിന്തിക്കുന്നത്. എന്നാൽ ഈ രാജാവ് വിളിയൊക്കെ വെറും കഥകളിൽ മാത്രമാണുള്ളതെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു ഹിപ്പോപൊട്ടാമസ് സിംഹത്തെ നദിയിലൂടെ പിന്തുടരുന്നതും, ജീവൻ രക്ഷിക്കാനായി സിംഹം വേഗതയിൽ നീന്തുന്നതുമായ ഒരു വീഡിയോ ആണിത്.
ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നാണ് അൽപ്പം അമ്പരപ്പുണർത്തുന്ന ഈ വീഡിയോ പുറത്ത് വന്നത്. ലുവാങ്വ നദിയിലൂടെയാണ് സിംഹത്തെ ഹിപ്പോ ഓടിച്ചത്. ആഫ്രിക്കയിലെ ഷെന്റൺ സഫാരീസ് ക്യാമ്പിലെ ഗൈഡ് ആ പാട്രിക് ആണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഹിപ്പൊ അതിവേഗം സിംഹത്തെ പിന്തുടരുന്നതായി വീഡിയോയിൽ കാണാം. സിംഹവും ഹിപ്പോയെ പേടിച്ച് വളരെ പെട്ടന്നാണ് നീന്തുന്നത്. ഇടയ്‌ക്ക് സിംഹത്തെ ആക്രമിക്കാൻ പാകത്തിന് തൊട്ടടുത്ത് എത്തുന്നുണ്ടെങ്കിലും സിംഹം ജീവനും കൊണ്ട് പായുന്ന കാഴ്ചയാണ് കാണുന്നത്.
ഇതിനിടെ സിംഹം നീന്തി കരയിലെത്തുകയും, ആശ്വാസത്തോടെ നെടുവീർപ്പ് ഇട്ടുകൊണ്ട് കാട്ടിലേക്ക് പോകുന്നതായും ദൃശ്യങ്ങളിൽ കാണാം. സിംഹത്തിന് പരിക്കേറ്റിട്ടില്ലെന്നും അവൻ സുരക്ഷിതനാണെന്നും ഷെന്റൺ സഫാരീസ് അറിയിച്ചു. സന്ദർശകരേയും കൊണ്ട് പോകുന്നതിനിടെയാണ് ഈ അപൂർവ്വ ദൃശ്യം കാണാൻ സാധിച്ചതെന്നും ഇവർ പറയുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പലരും ഇത് അമ്പരപ്പുണ്ടാക്കുന്നതാണെന്നും, സിംഹം ഭാഗ്യവാനാണെന്നുമാണ് പലരും സമൂഹമാദ്ധ്യമത്തിൽ വീഡിയോയ്‌ക്ക് താഴെ കമന്റായി കുറിച്ചത്.















