മലയാളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ വെളിപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമാ രംഗത്തും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി ശിൽപ്പ ഷിൻഡെ. സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സഹകരിക്കാൻ നിർബന്ധിച്ചുവെന്നും ശിൽപ ഷിൻഡെ വെളിപ്പെടുത്തി.
“ഒരു സിനിമയുടെ കാസ്റ്റിംഗ് സമയത്താണ് നിർമാതാവിൽ നിന്ന് മോശം അനുഭവം എനിക്ക് നേരിടേണ്ടി വന്നത്. ഒരു ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ അയാൾ എന്നോട് പറഞ്ഞു. കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഒരുപാട് നിർബന്ധിച്ചു. ഒരു മോശം വസത്രം എന്റെ കയ്യിൽ തന്നിട്ട് അത് ധരിക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ അയാൾ എന്നെ ബലമായി പിടിച്ചിരുത്തി. ഞാൻ അയാളെ തള്ളിമാറ്റി പുറത്തേക്കിറങ്ങി ഓടി.
സെക്യൂരിറ്റി ജീവനക്കാർക്ക് കാര്യം മനസിലായെന്ന് എനിക്ക് തോന്നി. എനിക്ക് ഇവിടെ നിന്ന് പോകണമെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ ആ വ്യക്തിയുടെ പേര് പുറത്ത് പറയുന്നില്ല. കാരണം അയാൾക്ക് എന്റെ പ്രായമുള്ള കുട്ടികളുണ്ട്. അയാളുടെ പേര് പറഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ആ കുട്ടികളാണ്”.
സിനിമാ – സീരിയൽ രംഗത്തുള്ള ഒട്ടുമിക്ക നടിമാരും ലൈംഗികാതിക്രമങ്ങൾ നേരിട്ടുട്ടുണ്ടായിരിക്കാം. ഈ മേഖലയിൽ മോശം അനുഭവം ഉണ്ടാകാത്തവർ കുറവാണ്. നോ പറയാൻ മടിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ശിൽപ ഷിൻഡെ പറഞ്ഞു.















