ബെംഗളൂരു: മലയാള സിനിമാ മേഖലയിലുള്ള നടിമാർക്ക് മോശം അനുഭവം ഉണ്ടായതായി താൻ കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ലൊക്കേഷനിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പലരും എന്നോട് പറഞ്ഞിട്ടുണ്ടെന്നും മലയാളത്തിൽ മാത്രമല്ല, എല്ലാ സിനിമാ മേഖലയിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നും സുമലത പറഞ്ഞു.
“ആരും തുറന്നുപറയാൻ മടിക്കുന്ന പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. മലയാള സിനിമാ മേഖലയെ കുറിച്ച് മുമ്പ് കേട്ടിട്ടുള്ള കഥകളെല്ലാം പേടിപ്പെടുത്തുന്നതാണ്. ഞാൻ അഭിനയിച്ചിരുന്ന ലൊക്കേഷനുകളിൽ ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും. എന്നാൽ അങ്ങനെയല്ലാത്ത ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടി സഹകരിക്കണം, ഇല്ലെങ്കിൽ ഉപദ്രവിക്കും അതുമല്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും എന്നൊക്കെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അവർക്ക് ഇതൊക്കെ തുറന്നുപറയാൻ മടിയായിരുന്നു. പുറത്തുപറയുന്നവരെ മോശക്കാരിയായി ചിത്രീകരിക്കും.
മലയാളം സിനിമയിലെ നടിമാരുടെ കതകിൽ മുട്ടുന്ന സംഭവം മുമ്പും കേട്ടിട്ടുണ്ട്. പവർ ഗ്രൂപ്പ് സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടത്തുമുണ്ട്. ഏത് മേഖല എടുത്താലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നു. രാഷ്‌ട്രീയത്തിലും പവർ ഗ്രൂപ്പുകളുണ്ട്. സിനിമാ മേഖലയിലെ സത്രീകളുടെ സുരക്ഷക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ഒരു ഭരണസംവിധാനം ആവശ്യമാണ്. തുറന്നുപറയാൻ ധൈര്യം കാണിച്ച് മുന്നോട്ടുവന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ചരിത്ര നീക്കമാണിത്. പുറത്തുവന്ന എല്ലാ പരാതികളിലും കൃത്യമായ നടപടി ഉണ്ടാകണം. ധൈര്യത്തോടെ മുന്നോട്ട് വരുന്ന സത്രീകൾക്ക് സുരക്ഷ ഒരുക്കാനുള്ള ബാധ്യത എല്ലാർക്കുമുണ്ട്”- സുമലത പറഞ്ഞു.















