മലപ്പുറത്തെ വീട്ടമ്മയുടെ ലൈംഗിക ആരോപണ പരാതി വ്യാജമാണെന്ന് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ. നിയമപരമായി നേരിടുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം വാർത്ത പുറത്തുവിട്ട മാദ്ധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാജ പരാതികൾക്ക് മാദ്ധ്യമങ്ങൾ കൂട്ട് നിൽക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ൽ സിഐ ആയിരിക്കവേ രാത്രിയിൽ പരാതി ലഭിച്ചു. മധ്യവയസ്കയായ സ്ത്രീ പൊന്നാനി സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയെന്നും അയാൾ മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് സ്ത്രീ പൊന്നാനി സ്റ്റേഷനിലെത്തിയത്. ഈ പരാതി ആദ്യമെത്തിയത് പിആർഒയുടെ കയ്യിലാണ്. തുടർന്ന് പ്രതിയെ കണ്ടെത്താൻ പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. എന്നാൽ ഓട്ടോറിക്ഷക്കാരനെ കണ്ടെത്താനായില്ല.
ഇതിനിടെ ഈ സ്ത്രീ പലർക്കുമെതിരെ പരാതി പറയുന്ന സ്ത്രീയാണെന്ന് അറിയാൻ സാധിച്ചു. വ്യാജപരാതികൾ കൊടുത്ത് പുറത്ത് വച്ച് ഒത്തുതീർപ്പാക്കി പണം തട്ടുന്നതാണ് ഇവരുടെ രീതിയെന്ന് പറഞ്ഞു. എന്നാൽ വിശദമായി അന്വേഷിക്കാമെന്ന് പറഞ്ഞെന്നും വിനോദ് പറഞ്ഞു.
താനൂർ എസ്ഐ ആയിരുന്ന കൃഷ്ണലാലിന്റെയടുത്താണ് പരാതിയുമായി ഈ സ്ത്രീ എത്തിയത്. എസ്ഐ പുറത്തുനിന്ന് സംസാരിക്കുന്നുണ്ടെന്നും പണം കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ സാധ്യതയുണ്ടെന്നും സാർ അത് അനുവദിച്ച് കൊടുക്കരുതെന്നും വിശ്വസ്തനായ ഒരാൾ രാത്രിയിൽ ഫോണിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് ഓട്ടോ ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മഫ്തിയിലെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഓട്ടോറിക്ഷ പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ രാവിലെ പത്തരയോടെ ഈ സ്ത്രീ വീണ്ടുമെത്തി. നിങ്ങൾ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടമാവുകയാണെന്ന് പറഞ്ഞു. എന്തിനായിരുന്നു കേസെന്നും ചർച്ച മതിയായിരുന്നുവെന്നും പറഞ്ഞു. എന്നാൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ വിമൻ ഡെസ്കിലെ ഉദ്യോഗസ്ഥയോട് സംസാരിക്കാനും നിർദേശിച്ചു ഒഴിവാക്കിയെന്ന് വിനോദ് പറയുന്നു.
കൃഷ്ണലാലിന്റെ വീടുജോലികൾ ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് പിന്നീടാണ് അറിയുന്നത്. ചില വിഷയങ്ങളെ തുടർന്ന് കൃഷ്ണലാലിനെ ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റി. ഇതിന് പിന്നാലെയാണ് തനിക്കെതിരെ പരാതി ഉയരുന്നതെന്ന് വിനോദ് പറഞ്ഞു. വിനോദിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്ത്രീയുടെ വീട്ടിലെത്തിയിരുന്നോയെന്നും തിരൂർ മുൻ ഡിവൈഎസ്പി വി.വി ബെന്നി ചോദിച്ചു. കോൾ വിവരങ്ങളും ലൊക്കേഷൻ ഉൾപ്പടെ പരിശോധിച്ച് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് മനസിലായതോടെ പരാതി അവസാനിപ്പിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഇതിനിടയിൽ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ വീട്ടമ്മ പോയി കണ്ടു. ബെന്നിയെ ഒഴിവാക്കി സ്പെഷ്യൽ ബ്രാഞ്ചിനെ കൊണ്ട് കേസ് അന്വേഷിപ്പിച്ചു. ഇവർ പരാതി നൽകി പണം തട്ടിയുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സുജിത് ദാസും പരാതി അവസാനിപ്പിക്കുകയായിരുന്നു. അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം വീണ്ടും പരാതിയുമായെത്തി. എന്നാൽ ഒത്തുതീർപ്പ് നടക്കില്ലെന്ന് അറിഞ്ഞതിനാൽ പിന്നീട് ഇവർ സ്റ്റേഷനിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് പുതിയ പരാതിയുമായി ഇവർ രംഗത്തെത്തിയത്. വാർത്തയിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ വാർത്തയാക്കാവൂയെന്നും വ്യക്തിഹത്യ ചെയ്യരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
കുടുംബ പ്രശ്നത്തെ ചൊല്ലിയുള്ള പരാതിയുമായി എത്തിയപ്പോൾ വിനോദും സുജിത് ദാസും ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ ആരോപിക്കുന്നു.















