ദിലീപ് നായകനായെത്തിയ ചിത്രം മുല്ലയിലെ നായികാ വേഷം ചെയ്യാൻ ആദ്യം മീരാ ജാസ്മിനെയാണ് തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. താൻ സിനിമയുടെ കഥ മീര ജാസ്മിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ കഥയെ കുറിച്ച് താരത്തിനൊന്നും മനസിലായില്ലെന്നും ലാൽ ജോസ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു സംവിധായകൻ.
” മുല്ലയിൽ മീര നന്ദൻ അവതരിപ്പിച്ച ലാച്ചി എന്ന കഥാപാത്രത്തിലേക്ക് ആദ്യം മീര ജാസ്മിനെയാണ് തീരുമാനിച്ചിരുന്നത്. സിനിമയുടെ കഥ പറയാനായി ഞാൻ കൊൽക്കത്തയിൽ പോയിരുന്നു. അവിടെ ബ്ലെസിയുടെ കൽക്കട്ട ന്യൂസ് എന്ന സിനിമ നടക്കുകയായിരുന്നു. ആ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ മീര ജാസ്മിനോട് മുല്ലയുടെ കഥ പറഞ്ഞത്. എന്നാൽ എന്റെ കഥയെ കുറിച്ച് മീരയ്‌ക്ക് ഒന്നും മനസിലായില്ല”.
കഥയൊക്കെ പറഞ്ഞ് ഞാൻ തിരിച്ച് വന്നതിന് ശേഷം മീര ജാസ്മിൻ ദിലീപിനോട് പറഞ്ഞു. ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷേ എനിക്ക് ഒന്നും മനസിലായില്ലെന്ന്. കഥ മനസിലാകാത്ത ഒരാളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. തുടർന്നാണ് മീര നന്ദനിലേക്ക് എത്തിയത്. മുല്ല മീര നന്ദന്റെ ആദ്യ സിനിമയായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.