കൊച്ചി: സിനിമാ മേഖലയിൽ സിഐടിയു ഉൾപ്പെടെയുളള ഇടത് സംഘടനകളെ തടഞ്ഞതിനാണ് ബി ഉണ്ണികൃഷ്ണനെ താൻ ഇടത് വിരുദ്ധനെന്ന് പറഞ്ഞതെന്ന് ആഷിഖ് അബു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ ആഷിഖ് അബു രംഗത്തെത്തുകയും ഫെഫ്ക ഇതിന് മറുപടി നൽകുകയും ചെയ്തിരുന്നു.
ഉണ്ണികൃഷ്ണൻ ഇടതുപക്ഷക്കാരന്റെ വ്യാജ പരിവേഷം അണിയുകയാണെന്നും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു ആഷിഖ് അബുവിന്റെ വാക്കുകൾ. ബി ഉണ്ണികൃഷ്ണൻ ഇടത് വിരുദ്ധനാണെന്ന് ആവർത്തിക്കുന്നത് നേരിട്ടുളള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആഷിഖ് അബു പുതിയ അഭിമുഖത്തിൽ പറഞ്ഞു. ഇടത് സംഘടനകളെ തടുത്തത് അദ്ദേഹമാണെന്ന് സിഐടിയു നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുകയാണ്. ആ പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഇടത് വിരുദ്ധനാണെന്ന് പറഞ്ഞത്.
ഞാനാണ് ഇവിടുത്തെ മാർക്‌സിയൻ രീതിയിൽ ജീവിക്കുന്ന ആൾ എന്ന സർട്ടിഫിക്കറ്റ് എവിടെ നിന്നും ആവശ്യപ്പെടുന്നില്ലെന്ന് ആഷിഖ് അബു പറയുന്നു. അങ്ങനെ ജീവിക്കാൻ പറ്റുമെന്നും തോന്നുന്നില്ല. അങ്ങനെ യാതൊരു ലേബലിലും പെടാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖിനും ഭാര്യയും നടിയുമായ റിമയ്‌ക്കുമെതിരെ ഗായിക സുചിത്ര ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലഹരി ഉപയോഗ ആരോപണം ഉന്നയിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആഷിഖിന്റെ പ്രതികരണങ്ങൾ.
ബി ഉണ്ണികൃഷ്ണനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല എന്റെയും സുഹൃത്താണെന്നും ആഷിഖ് അബു പറയുന്നു. ഫെഫ്ക നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയൻ അംഗത്വം ആഷിഖ് അബു രാജിവച്ചിരുന്നു. എന്നാൽ യൂണിയന്റെ വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി ആഷിഖ് അബു അടച്ചിട്ടില്ലെന്നും 6 വർഷത്തിൽ കൂടുതൽ വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയിൽ നിന്ന് പുറത്താകുമെന്നാണ് പുതിയ നിയമാവലി ഭേദഗതിയെന്നും ആയിരുന്നു ഫെഫ്കയുടെ മറുപടി.















