ആഷിക് അബുവിനെതിരെയും റിമാ കല്ലിങ്കലിനെതിരെയും ലഹരിയാരോപണങ്ങൾ ഉയരുന്നതിനിടെ മലയാള സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായി ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി മാഫിയ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞാൽ താൻ അംഗീകരിക്കില്ല എന്നും പല നിർമ്മാതാക്കളും ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന ലഹരി ഉപയോഗത്തെപ്പറ്റി പരാതികൾ പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
“മലയാള സിനിമയിലെ ലഹരി മാഫിയയെപ്പറ്റി നിർമ്മാതാക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭയങ്കരമായി ലഹരി ഇതിനുള്ളിൽ കിടന്ന് കളിക്കുന്നുണ്ടെന്ന് നിർമ്മാതാക്കൾ പരാതി പറഞ്ഞിട്ടുണ്ട്. എന്നിട്ടും അതിനെതിരെ ഇറങ്ങാത്തത് അവരുടെ സിനിമകൾ നടക്കണം, വിൽക്കണം എന്നുള്ളതുകൊണ്ടാണ്. ഗൗരവമായി പലരും അത് എടുക്കുന്നില്ലാത്തതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നത്. മലയാള സിനിമയിൽ ലഹരി മാഫിയ ഉണ്ട് എന്നത് നൂറ് ശതമാനം ശരിയാണ്. അത് ഇല്ലെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല”.
“നിർമ്മാതാക്കൾ അനുഭവിച്ച ബുദ്ധിമുട്ടാണ് അവർ പറയുന്നത്. എല്ലാവരുമല്ല, ചില അഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നുണ്ട്. അവരുടെ കാരവാനിലേക്ക് കയറിച്ചെന്നാൽ മേഘ കൂട്ടത്തിൽ വീണതുപോലെ തോന്നാറുണ്ട്. ഇക്കാര്യങ്ങൾ നിർമ്മാതാക്കൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതിൽ അന്വേഷണം വേണം”-ഭാഗ്യലക്ഷ്മി പറഞ്ഞു.















