തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യും. വരുന്ന 11-ാം തീയതി മുതലാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. 4,500 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് പെൻഷൻ വിതരണം സാധ്യമായത്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
നിലവിൽ അനുവദിച്ചിരിക്കുന്ന ഗഡുവിന് പുറമേയാണ് രണ്ട് ഗഡു കൂടി നൽകുന്നത്. 62 ലക്ഷം ആളുകൾക്ക് രണ്ട് മാസത്തെ പെൻഷൻ തുകയായ 3,200 രൂപ ലഭിക്കും. തുക ഓണത്തിന് മുമ്പായി വീടുകളിലെത്തും. പെൻഷൻ വിതരണത്തിനായി 1,700 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കുന്നതിന് കേന്ദ്രം അനുമതി നൽകിയത്. ഡിസംബർ വരെ 20,512 കോടിയാണ് കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി. അർഹമായതിൽ നിന്ന് 13,000 കോടിയോളം രൂപയുടെ കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.















