അടുത്തിടെ ബിഹാറിൽ നിന്നും പിടികൂടിയ സ്വർണത്തെക്കാൾ മൂല്യമുള്ള കാലിഫോർണിയത്തെ ആർക്കും പെട്ടന്നൊന്നും മറക്കാൻ സാധിക്കില്ല. വാർത്ത പുറത്തായതോടെയാണ് ഈ വസ്തുവിന് ജനശ്രദ്ധ ലഭിച്ചത്. 50 ഗ്രാം കാലിഫോർണിയമായിരുന്നു ബെൽത്താരി ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്ന് പിടികൂടിയത്. എന്നാൽ ഇതിന്റെ വിലയാകട്ടെ 850 കോടി രൂപയും. എന്തായിരിക്കും ഈ വസ്തുവിന് സ്വർണത്തെക്കാളും, വജ്രത്തെക്കാളും മൂല്യമുണ്ടാകാൻ കാരണം? അറിയാം..
ആറ്റോമിക നമ്പർ 98 എന്ന ഒരു സിന്തറ്റിക് റേഡിയോ ആക്ടീവ് മൂലകമാണ് കാലിഫോർണിയം. കാലിഫോർണിയയിൽ കണ്ടെത്തിയതിനാലാണ് മൂലകത്തിനും ഇതേ നാമം നൽകിയത്. കാലിഫോർണിയം തീവ്രമായ റേഡിയോ ആക്റ്റിവിറ്റിക്ക് പേരുകേട്ടതാണ്. അപകടകരമായ മൂലകമാണിത്. ന്യൂക്ലിയാർ റിയാക്ടറുകൾ നിർമിക്കുന്നതിനും, കൽക്കരി വൈദ്യുത നിലയങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും കാലിഫോർണിയത്തെ ഉപയോഗിക്കുന്നു. കാൻസർ പോലുള്ള മാരക രോഗങ്ങൾ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.
മെഡിക്കൽ രംഗത്ത്, പ്രത്യേകിച്ച് റേഡിയേഷൻ തെറാപ്പിയിൽ കാലിഫോർണിയത്തിന് നിർണായക പങ്കുണ്ട്. മസ്തിഷ്‌ക കാൻസർ ചികിത്സിക്കുന്നതിനാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. സ്വർണം പോലെ വിലപ്പിടിപ്പുള്ള ലോഹങ്ങൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന പോർട്ടബിൾ മെറ്റൽ ഡിടക്റ്ററിലും കാലിഫോർണിയത്തെ ഉപയോഗിക്കാറുണ്ട്. വളരെ കൂടുതൽ ന്യൂക്ലിയാർ ആക്ടിവിറ്റി സ്വഭാവമുള്ളതിനാൽ ഈ മൂലകത്തെ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് കാലിഫോർണിയം കടത്തുന്നതിനെതിരെ കർശന നടപടിയെടുക്കുന്നത്.















