തിരുവനന്തപുരം: പൊലീസിനെതിരെ വീണ്ടും ആഞ്ഞടിച്ച് എംഎൽഎ പിവി അൻവർ. പൊലീസിൽ ചില പുഴുക്കുത്തുകളുണ്ട്. കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ നീതിപൂർവമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അൻവർ വ്യക്തമാക്കി.
” ഡിഐജിക്ക് മുന്നിൽ മൊഴി നൽകാൻ പോവുകയാണ്. നാളെ കൂടുതൽ തെളിവുകൾ അദ്ദേഹത്തിന് കൈമാറും. തന്റെ പരാതിയിൽ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും കേസന്വേഷണം വഴിതിരിച്ച് വിടാൻ സാധ്യതയുണ്ട്. അതിനാൽ തന്റെ കൈവശമുള്ള വിവരങ്ങളെല്ലാം ജനങ്ങൾക്ക് മുമ്പാകെ സമർപ്പിക്കും.”- പിവി അൻവർ പറഞ്ഞു.
ഇടവണ്ണ റിദാൻ ഫാസിൽ കാലപാതകത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അൻവർ ആവർത്തിച്ചു. റിദാൻ വെടിയേറ്റ് മരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ക്രിമിനൽ പശ്ചാത്തലമുള്ള എസ്പിയായിരുന്നു മലപ്പുറത്തുണ്ടായിരുന്നത്. അദ്ദേഹത്തെ മലപ്പുറത്ത് വാഴാൻ അനുവദിച്ചത് എഡിജിപി അജിത് കുമാറാണെന്നും അൻവർ ആരോപിച്ചു.
റിദാന്റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. സുഹൃത്തായ ഷാനാണ് കൊലപാതകം നടത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഷാനും റിദാന്റെ ഭാര്യം തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ രാത്രി 8:30 ന് ഇവർ തമ്മിൽ കണ്ട് പിരിഞ്ഞുവെന്നായിരുന്നു. മറ്റ് സുഹൃത്തുക്കളെ കാണാനുണ്ടെന്ന് റിദാൻ, ഷാനോട് പറഞ്ഞിരുന്നതായും പിവി അൻവർ പറഞ്ഞു. തുടർന്ന് പിറ്റേദിവസമാണ് റിദാന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ റിദാന്റെ ഭാര്യയും ഷാനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് കേസിന്റെ തുടക്കം മുതൽ പൊലീസ് ശ്രമിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ കേസന്വേഷണം വഴിതിരിച്ച് വിടാനുള്ള സാധ്യത മുന്നിൽ കണ്ട് തന്റെ പക്കലുള്ള തെളിവുകൾ ഡിഐജിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.