ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അഗ്നി-4. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) ആയ അഗ്നി-4 ഒഡിഷയിലെ ചന്ദീപൂരിലുള്ള ഇന്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി. സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ പാരാമീറ്ററുകളും മിസൈൽ നിർവഹിച്ചതായി പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് അഗ്നി-4 മിസൈൽ. 4,000 കിലോമീറ്റർ ദൂരത്തേക്ക് വരെ അഗ്നി-4നെ തൊടുത്തുവിടാൻ സാധിക്കും. ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് അഗ്നി-4 മിസൈൽ മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രാലയം എക്സിൽ കുറിച്ചു. അഗ്നി-1 (700 km), അഗ്നി-2 (2,000 km), അഗ്നി-3 (3,000 km), അഗ്നി-4 (4,000 km), പൃഥ്വി-II (350 km) എന്നിങ്ങനെയുള്ള മിസൈലുകളുടെ യൂണിറ്റുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡൻഡിലുണ്ട്.
അഗ്നി-4, 5 എന്നിവ റോഡ് മാർഗം ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നവയാണ്. ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനങ്ങളുണ്ടായാൽ അഗ്നി മിസൈലുകളുടെ അവസാന രണ്ട് വേർഷനുകൾ ഉപയോഗിക്കാൻ സജ്ജമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അഗ്നി-5 തൊടുത്തുവിടാൻ സാധിക്കും. ഹ്രസ്വദൂര പരിധിയിലുള്ള അഗ്നി മിസൈലുകൾ പാക് പ്രകോപനങ്ങളെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നതാണ്.















