കൊച്ചി: സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് കിട്ടണമെന്ന് നടിയും മോഡലുമായ ഹണി റോസ്. കൊച്ചിയിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു നടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാർ ലൈംഗിക ചൂഷണ ആരോപണങ്ങളും പരാതികളുമായി രംഗത്ത് വന്നിരുന്നു. ഇതേക്കുറിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു ഹണി റോസിന്റെ പ്രതികരണം. അങ്ങനെ ചെയ്തിട്ടുളളവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം. അതൊക്കെ വരട്ടെ നടന്നോണ്ടിരിക്കുവല്ലേയെന്ന് ആയിരുന്നു മറുപടി.
നിരവധി നടിമാരാണ് സിനിമയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളുമായി രംഗത്ത് വരുന്നത്. പല വെളിപ്പെടുത്തലുകളും വലിയ കോളിളക്കങ്ങളാണ് ഉയർത്തുന്നത്.
നടിമാരുടെ പരാതികൾ അന്വേഷിക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. പലരും വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നേരിട്ട് പരാതി നൽകുകയും അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.