ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാക്കാനാകാതെ വന്നതോടെ ഹരിയാനയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യം ചേർന്ന് മത്സരിക്കുന്നതിൽ അനിശ്ചിതത്വം. ആം ആദ്മി പാർട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ ആം ആദ്മിയുടെ ഈ നീക്കത്തെ ശക്തമായി എതിർത്തുവെന്നും, കൂടുതൽ സീറ്റുകൾ വിട്ടുനൽകാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. ഇതോടെ സഖ്യ സാധ്യതകൾ കുറഞ്ഞതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ സീറ്റ് വിഭജന രീതിയിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെങ്കിൽ ഹരിയാനയിൽ സഖ്യം രൂപീകരിക്കില്ലെന്ന് ആം ആദ്മിയോട് അടുത്ത വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ആം ആദ്മിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഹരിയാനയിൽ 50 നിയമസഭാ മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്ട്ടി തീരുമാനം. തെരഞ്ഞെടുപ്പിൽ ശകത്മായ മത്സരം കാഴ്ച വയ്ക്കുമെന്നാണ് ആം ആദ്മിയുടെ അവകാശവാദം. അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റുകൾ കിട്ടാതെ പോയതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും വിട്ടവർ ആം ആദ്മി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഈ മാസം 12 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അവസരമുള്ളത്. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഞായറാഴ്ച പുറത്തിറക്കാനാണ് ആം ആദ്മിയുടെ നീക്കം. സഖ്യം രൂപീകരിച്ചാൽ ഏഴ് സീറ്റുകളിൽ വരെ തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. എന്നാൽ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് ആം ആദ്മി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഈ ആവശ്യത്തെ എതിർക്കുന്നത്.
90 അംഗ നിയമസഭയിൽ 31 സീറ്റുകളിലാണ് കോൺഗ്രസ് കഴിഞ്ഞ തവണ വിജയം നേടിയത്. എന്നാൽ ആം ആദ്മിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരിച്ചതെങ്കിലും, പരാജയപ്പെട്ടു. ഒമ്പത് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് ഇടത്ത് വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ ആം ആദ്മിയുമായി സഖ്യം ചേരുന്നത് പ്രയോജനം ചെയ്യില്ലെന്നും സംസ്ഥാനത്തെ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.