എറണാകുളം: എൽകെജി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ എന്ന വ്യാജേനയായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കുട്ടിയുടെ പേര് പറഞ്ഞാണ് സച്ചിൻ സ്കൂളിലെത്തിയത്. കുട്ടി ജനിച്ചസമയത്ത് വഴക്കിട്ട് പോയ സഹോദരനാണെന്ന് പറഞ്ഞാണ് അദ്ധ്യാപികയെ സമീപിച്ചത്. സംശയം തോന്നിയ അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിളിച്ച് അന്വേഷിച്ചു. കുട്ടിക്ക് അങ്ങനെ ഒരു സഹോദരനില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. തുടർന്ന് ഇങ്ങനെയൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലെന്ന് ടീച്ചർ അറിയിച്ചതോടെ ഗേറ്റിന് പുറത്ത് കാത്തുനിന്ന ഇയാൾ മടങ്ങി പോവുകയായിരുന്നു.
പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.















