മുംബൈ: ചിപ്പ് നിർമ്മാണ മേഖലയിൽ വൻകിട നിക്ഷേനത്തിന് ഇസ്രേയലിലെ ടവർ സെമി കണ്ടക്ടറും അദാനി ഗ്രൂപ്പും തമ്മിൽ ധാരണയായി. 84,000 കോടി രൂപ ചെലവഴിച്ച് മഹാരാഷ്‌ട്രയിലാണ് പദ്ധതി നടപ്പാക്കുക. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ‘എക്‌സി’ല്‍ ഈ വിവരം വെളിപ്പെടുത്തിയത്. അരലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കും.
അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിനു കീഴിലാണ് പ്രോജക്റ്റ്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. ഡ്രോണുകൾ, കാറുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടറുകളാണ് ഇവിടെ നിർമ്മിക്കുക.
സെമികണ്ടക്ടർ വ്യവസായം ഇന്ത്യയ്‌ക്ക് പറ്റില്ലെന്ന് വിമർശിച്ചവർക്ക് മറുപടി ആവുകയാണ് പുതിയ പദ്ധതികൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് മേഖലയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സെമികണ്ടക്ടർ രൂപകല്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് സർക്കാർ ശ്രമം.
ടാറ്റയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാൻിന്റെ നിർമ്മാണം ഗുജറാത്തിലെ ധോലേരയിൽ പുരോഗമിക്കുകയാണ്. തായ്‍വാനിലെ ചിപ്പ് നിർമാതാക്കളായ പിഎസ്എംസിയുമായി ചേർന്നാണ് ഗുജറാത്തിൽ ടാറ്റ വമ്പൻ നിർമാണ കേന്ദ്രം തുടങ്ങുന്നത്. ധോലേരയിലെ മാനുഫാക്ചറിംഗ് യൂണിറ്റിനൊപ്പം ഗുജറാത്തിലെ തന്നെ സാനന്ദിലും ആസാമിലെ മോറിഗാവിലും രണ്ട് യൂണിറ്റുകളുടെ നിർമാണവും ആരംഭിച്ചു. ഇന്ത്യന്‍ നിര്‍മ്മിത അർദ്ധചാലകങ്ങളുടെ (സെമി കണ്ടക്‌ടര്‍) ആദ്യ സെറ്റ് ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ പ്ലാൻ്റിൽ നിന്ന് 2026 ഡിസംബറോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താവിനിമയ, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു.















