മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്‌ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കാറുള്ളത്.നേരത്തെ മോഹൻലാലിന്റെ ജന്മദിനത്തിൽ രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകൾ അറിയിച്ചിരുന്നു.
അതേസമയം, മമ്മൂട്ടി ഈ വർഷത്തെ പിറന്നാൾ ആഘോഷിച്ചത് മകൻ ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലാണ് . കേരളത്തിലെ മമ്മൂട്ടിയുടെ വസതിയിൽ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തെ കാണാതായതിൽ അമ്പരന്നെങ്കിലും മെഗാസ്റ്റാർ അവരെ നിരാശപ്പെടുത്തിയില്ല. തന്റെ വീട്ടിലെ ആൾക്കൂട്ടത്തെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി ആശംസകൾ അർപ്പിക്കാൻ എത്തിയവരെ കാണാനായി വീഡിയോ കോൾ ചെയ്തു. തുടർന്ന് ആശംസകൾ അറിയിക്കാൻ എത്തിയവർ ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്.















