ആറൻമുള: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.വി അൻവറിന്റെ ആരോപണങ്ങൾ ചെന്നെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിൽ കൊട്ടാര വിപ്ലവം നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അൻവർ മുഖ്യമന്ത്രിയെ കണ്ടത് പാർട്ടി സെക്രട്ടറിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ്. അൻവറിന്റെ ആരോപണം അന്വേഷിക്കും എന്ന് പറഞ്ഞത് ക്ലീഷേ മാത്രമാണ്. സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ യാതൊരു ആത്മാർത്ഥതയും ഇല്ല. അൻവറും സർക്കാറും തമ്മിലുള്ള തർക്കം കൊള്ളമുതൽ പങ്കുവെയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ്. സ്വർണ്ണക്കടത്തുകാരെ പൊലീസ് സഹായിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞപ്പോൾ അൻവർ ആരാണ് എന്നാ ചോദ്യത്തിലാണ് ആണ് സിപിഎം എത്തിയത്.
ഇത് ഉൾപാർട്ടി വിഷയമായി കണക്കാക്കാൻ സാധിക്കില്ല. ഇതിൽ ശക്തമായ നടപടി ഉണ്ടാകണം. മുഖ്യമന്ത്രിയുടെ ഓഫീസിനും പൊളിറ്റിക്കൽ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ വരുന്ന ആരോപണങ്ങൾ കഴുകി കളയാനാണ് ശ്രമം. എല്ലാം ആരോപണങ്ങളുടെയും കുന്തമുന പതിക്കുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി അംഗത്വമെടുത്തവരിൽ കൂടുതൽ പേരും സിപിഎമ്മിൽ നിന്നുള്ളവരാണ്. ബിപിഎ സമ്മേളനങ്ങൾ കഴിയുമ്പോൾ കൂടുതൽ ആളുകൾ പാർട്ടി വിടും. ബിജെപി കേരളത്തിൽ പ്രവർത്തിക്കുന്നത് സിപിഎമ്മിനെയും പിണറായി വിജയനെയും പരാജയപ്പെടുത്തി അധികാരത്തിൽ വരാനാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.