ന്യൂയോര്‍ക്ക്: മോർഗൻ സ്റ്റാൻലിയുടെ വളർന്നു വരുന്ന വിപണികളുടെ സൂചികയിൽ ( MSCI EM Investable Market Index (IMI)) ഇന്ത്യ ചൈനയെ മറികടന്നു . ഇന്ത്യയുടെ വെയ്റ്റേജ് 22.27 ശതമാനവും ചൈനയുടെ 21.58 ശതമാനവുമാണെന്ന് ആഗോള ധനകാര്യ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. ചൈനയെ പിന്തള്ളിയതോടെ ഇന്ത്യൻ ഇക്വിറ്റികൾക്ക് 37,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി നില നിൽക്കുന്ന ഊർജ്ജമാണ് നേട്ടത്തിന് വഴിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം ചൈനീസ് വിപണികൾ പ്രതിസന്ധി നേരിടുകയാണ്. അതേസമയം ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ പങ്കാളിത്തം ഉയർത്തുകയാണ്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) 2024-ൽ ഓഗസ്റ്റ് വരെ 531.78 ബില്യൺ രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
ആഭ്യന്തര നിക്ഷേപകർ, മ്യൂച്വൽ ഫണ്ടുകൾ, റീട്ടെയിൽ വ്യാപാരികൾ എന്നിവരുടെ സുസ്ഥിരമായ ഇടപെടൽ നിഫ്റ്റി 50-നെ റെക്കോർഡ് ഉയരത്തിലെത്തിക്കാൻ സഹായിച്ചു. 16% കുതിപ്പാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഇത് ചൈന ഉൾപ്പെടെയുള്ള മറ്റ് വിപണികളേക്കാൾ കൂടുതലാണ്.















