കുട്ടികളെ ചെല്ലപ്പേരിട്ട് വിളിക്കാനാണ് ചില മാതാപിതാക്കൾക്ക് ഇഷ്ടം. സമാനമായി ചില രാജ്യങ്ങളെയും ചിലർ ചെല്ലപ്പേരിട്ട് വിളിക്കാറുണ്ട്. ‘ഇരട്ടപ്പേര്’ അല്ലെങ്കിൽ മറ്റേതെങ്കിലും വിശേഷണം സ്വന്തമായുള്ള അഞ്ച് ഏഷ്യൻ രാജ്യങ്ങൾ പരിചയപ്പെടാം..
ജപ്പാൻ
സൂര്യനുദിക്കുന്ന നാട് – Land of the Rising Sun എന്നറിയപ്പെടുന്ന രാജ്യം. കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ജപ്പാന് ഇത്തരമൊരു വിശേഷണം. സൂര്യവെളിച്ചം ആദ്യം പതിക്കുന്നത് ജപ്പാനിലാണെന്ന് കരുതപ്പെടുന്നു. Nihon എന്നാണ് ജാപ്പനീസുകാർ അവരുടെ രാജ്യത്തെ വിളിക്കുന്നത്. സൂര്യന്റെ ഉത്ഭവം എന്നാണ് അതിനർത്ഥം.
സിംഗപ്പൂർ
സിംഹ നഗരം – Lion City എന്ന് വിളിക്കുന്നു. മലായ് പ്രയോഗമായ സിംഗ പൂര എന്ന വാക്കാണ് പിന്നീട് ലയൺ സിറ്റിയായത്. പലേംബാംഗിൽ നിന്നുള്ള രാജകുമാരൻ സംഗ് നില ഉതമ ആണ് ഈ ദ്വീപിനെ സിംഗ പൂര എന്ന് വിശേഷിപ്പിച്ചത്.
ഭൂട്ടാൻ
ലാൻഡ് ഓഫ് തണ്ടർ ഡ്രാഗൺ എന്ന് ഭൂട്ടാൻ അറിയപ്പെടുന്നു. ദ്രൂക് യുൽ ആണ് പരമ്പരാഗത പേര്. വ്യാളി അലറുന്ന ശബ്ദമാണ് ഇടിമുഴക്കമെന്നായിരുന്നു ഭൂട്ടാനിലെ ജനത ഒരു കാലത്ത് കരുതിയിരുന്നത്. ഇതിൽ നിന്നാണ് “Land of the Thunder Dragon” എന്ന പേരുവന്നത്. ഭൂട്ടാനിലെ വിശ്വാസമനുസരിച്ച് വ്യാളികൾ ശക്തിയുടെയും വിശുദ്ധിയുടെയും സാമർത്ഥ്യത്തിന്റെയും പ്രതീകമാണ്.
ശ്രീലങ്ക
ടിയർഡ്രോപ് ഓഫ് ഇന്ത്യ അഥവ ഇന്ത്യയുടെ കണ്ണുനീർ തുള്ളിയെന്നാണ് ശ്രീലങ്കയെ വിശേഷിപ്പിക്കുന്നു. കണ്ണീർ തുള്ളിക്ക് സമാനമായ രൂപമുള്ളതിനാലാണ് ദ്വീപിനെ ഇത്തരത്തിൽ വിളിക്കുന്നത്. കൂടാതെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഭേദ്യ ബന്ധവും ഈ വിശേഷണം സൂചിപ്പിക്കുന്നു.
തായ്ലാൻഡ്
ലാൻഡ് ഓഫ് സ്മൈൽസ് – പുഞ്ചിരിയുടെ നാട് എന്ന് അറിയപ്പെടുന്ന ഏഷ്യൻ രാജ്യമാണിത്. തായ്ലൻഡ് ജനതയുടെ സൗഹാർദപരമായ പെരുമാറ്റ രീതിയാണ് ഇത്തരമൊരു വിശേഷണത്തിന് അർഹമാക്കിയത്. തായ് ജനങ്ങളുതടെ ആതിഥ്യമര്യാദയും പേരുകേട്ടതാണ്.