തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് രൂപം നൽകി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് പ്രത്യേക സംഘം രൂപീകരിച്ചത്.
ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിലാണ് സംഘം പ്രവർത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ യു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ ഷാരോൺ സി എസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയും സംഘത്തിലുണ്ടാകും.
സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
മാമിയുടെ തിരോധാനത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ ആരോപണനിഴലിൽ നിർത്തി പി.വി. അൻവർ എംഎൽഎ രംഗത്ത് വന്നിരുന്നു. പിന്നാലെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയിൽ ഹർജിയും നൽകി. ഈ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചത്.
2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരെന്ന മാമിയെ കാണാതാകുന്നത്. നടക്കാവ് പൊലീസും പിന്നീട് പ്രത്യേക സംഘവും കേസ് അന്വേഷിച്ചെങ്കിലും മാമിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തെളിവുകളും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് അൻവറിന്റെ ആരോപണങ്ങളും കൂടുംബത്തിന്റെ ഹർജിയും വരുന്നത്. കേസ് സിബിഐയ്‌ക്ക് കൈമാറാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനും ശുപാർശ നൽകിയിരുന്നു. കുടുംബത്തിന്റ അഭ്യർഥന മാനിച്ചായിരുന്നു എസ്പിയുടെ നടപടി.















