കൊച്ചി: ഏറ്റെടുത്ത സിനിമകളുടെ തിരക്കഥകൾ പൂർത്തിയാക്കിയാൽ സംവിധാനത്തിലേക്ക് തിരിയുമെന്ന് മാളികപ്പുറം തിരിക്കഥാകൃത്ത് അഭിലാഷ് പിളള. സോഷ്യൽ മീഡിയയിലൂടെ അഭിലാഷ് പിളള തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സുമതി വളവ് ഉൾപ്പെടെയുളള സിനിമകളാണ് അഭിലാഷ് പിളളയുടെ തിരക്കഥയിൽ ഇനി പുറത്തിറങ്ങാനുളളത്.
സുമതി വളവിന്റെയും ഏറ്റെടുത്ത മറ്റ് രണ്ട് സിനിമകളുടെയും എഴുത്ത് പൂർത്തിയാക്കിയാലുടൻ ആദ്യ സംവിധാനത്തിൽ സിനിമ പ്രഖ്യാപിക്കുമെന്ന് അഭിലാഷ് പിളള കുറിച്ചു. കൂടുതൽ വിവരങ്ങൾ ഉടനുണ്ടാകുമെന്നും ഔദ്യോഗികമായി തന്നെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അഭിലാഷ് പിളള കുറിച്ചു.
തിരക്കഥ, സംവിധാനം അഭിലാഷ് പിളള എന്ന ടൈറ്റിൽ കാർഡ് മോഡലിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ തിരക്കഥാകൃത്താണ് അഭിലാഷ് പിളള. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവർ എന്നീ സിനിമകൾക്ക് ശേഷമാണ് അഭിലാഷ് പിളള ഉണ്ണി മുകുന്ദനെ നായകനാക്കി മാളികപ്പുറം സിനിമ ചെയ്യുന്നത്. ഭക്തിയും കുടുംബ ബന്ധങ്ങളും കൂട്ടിയിണക്കിയ സിനിമ കുടുംബപ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ ഒന്നടങ്കം എത്തിച്ച സിനിമയായിരുന്നു ഇത്.
ആനന്ദ് ശ്രീബാല, സുമതി വളവ് എന്നിവയാണ് അണിയറയിൽ പുരോഗമിക്കുന്ന ചിത്രങ്ങൾ.