ന്യൂഡൽഹി: പാരാലിമ്പിക്സ് മെഡൽ ജേതാവ് ഹൊകാതോ ഹോട്ടോഴെ സെമയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരിയറിലെ തന്റെ ആദ്യ പാരാലിമ്പിക്സ് മത്സരത്തിൽ തന്നെ മെഡൽ നേടാനും 40-ാം വയസിൽ നേട്ടം സ്വന്തമാക്കാനും ഹൊകാതോ നടത്തിയ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പാരിസ് പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F57ൽ വെങ്കല മെഡലാണ് ഹൊകാതോ നേടിയത്. 40-കാരനായ അദ്ദേഹത്തിന്റെ ആദ്യത്തെ പാരാലിമ്പിക്സ് മത്സരമായിരുന്നു . നാലാമത്തെ പരിശ്രമത്തിൽ 14.65m ദൂരത്തേക്ക് ഷോട്ട്പുട്ട് എറിഞ്ഞാണ് താരം മെഡൽ നേടിയത്. ഇതോടെ ഇന്ത്യക്ക് വേണ്ടി പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ നാഗാലാൻഡ്-അത്ലെറ്റ് ആയിരിക്കുകയാണ് ഹൊകാതോ.
2002ലായിരുന്നു ഹൊകാതോയ്ക്ക് തന്റെ ഇടതുകാൽ നഷ്ടപ്പെടുന്നത്. ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിലായിരുന്നു സംഭവം. രാജ്യത്തിന്റെ സേനയോടൊപ്പം പ്രവർത്തിക്കണമെന്ന ഹൊകാതോയുടെ വലിയ സ്വപ്നം ഇതോടെ അവസാനിക്കുകയുമായിരുന്നു. എന്നാൽ പൂനെയിലെ ബിഇഡി സെന്ററിലെ ആർമി പാരാലിമ്പിക്സിന്റെ ഭാഗമായ ഹൊകാതോ പിന്നീട് രാജ്യം ശ്രദ്ധിക്കുന്ന കായിക താരമായി ഉയർന്നു.