കൊല്ലം: സിനിമാ മേഖലയിലെ ലൈംഗിക വിവാദത്തിൽപെട്ട നടൻ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്നും രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നൈറ്റ് മാർച്ച്. മുകേഷിന്റെ പിതാവ് ഒ. മാധവന്റെ കപ്പലണ്ടിമുക്കിലെ പ്രതിമയ്‌ക്ക് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ചിന്നക്കടയിൽ സമാപിച്ചു.
സ്ത്രീപീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എംഎൽഎ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവയ്‌ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും എംഎൽഎമാരിൽ ഒരു നാണവും മാനവുമില്ലാത്ത എംഎൽഎ ഏതെന്ന് ചോദിച്ചാൽ അത് കൊല്ലം എംഎൽഎ ആയിരിക്കുമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
മൂന്ന് സ്ത്രീകൾ എംഎൽഎയ്‌ക്കെതിരെ ഇതുവരെ രംഗത്ത് വന്നതായി പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാന്യതയും അന്തസുമില്ലാത്ത എംഎൽഎയാണ് മുകേഷ് എന്നും അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാനുളള ധാർമ്മികതയില്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
മുകേഷിനെ വിജയിപ്പിച്ചതിന്റെ പേരിൽ കൊല്ലത്തെ ജനങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ നാണംകെട്ട് തല കുനിച്ചു നിൽക്കുകയാണെന്ന് പരിപാടിയിൽ സംസാരിച്ച യുവമോർച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളവും ചടങ്ങിൽ സംസാരിച്ചു.