ഹൈദരാബാദ്: നടൻ വിനായകനെ ഇന്നലെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തിൽ ആവർത്തിച്ച് ബഹളമുണ്ടാക്കിയതിനാണെന്ന് പൊലീസ്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുളള യാത്രയിലായിരുന്നു വിനായകൻ. മദ്യ ലഹരിയിലായിരുന്ന താരം ട്രാൻസിറ്റിനായി ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു ബഹളമുണ്ടാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
കൊച്ചിയിൽ നിന്ന് വൈകിട്ട് 4.30 ന് ഹൈദരാബാദിലെത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു വിനായകൻ യാത്ര ചെയ്തത്. ആറ് മണിയോട് അടുപ്പിച്ചാണ് സിഐഎസ്എഫ് ഇതേക്കുറിച്ച് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള പൊലീസിന് വിവരം കൈമാറുന്നത്. പരാതി അപ് ലോഡ് ചെയ്ത ശേഷം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന വഴിയായിരുന്നു താരം. ഹൈദരാബാദിൽ ട്രാൻസിറ്റിനായി ഇറങ്ങിയതാണ്.
വിനായകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രതികരണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നുളള വിനായകന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. വീഡിയോ പകർത്തുന്ന ആളോട് എന്താണെന്നും പൊലീസാണോയെന്നും വിനായകൻ ചോദിക്കുന്നുണ്ട്.
മദ്യലഹരിയിൽ വിനായകൻ പൊലീസിന് തലവേദനയുണ്ടാക്കുന്നത് ആദ്യമായിട്ടല്ല. ഭാര്യയുമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ 2023 ഒക്ടോബറിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി നടൻ പൊലീസുകാരോട് തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ടതിന്റെ പേരിലും നടനെതിരെ ജനരോഷം ഉയർന്നിരുന്നു.















