തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള വിതരണം ഇന്ന് വൈകുന്നേരം നാല് മണിയോടെ പുനഃസ്ഥാപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂന്ന് മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തും. ചില സാങ്കേതിക തകരാറുകളാണ് പ്രശ്നം ഗുരുതരമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. റിസ്കി ഓപ്പറേഷൻ ആയിരുന്നുവെന്നും 40 മണിക്കൂറോളം അധികമായി ചെവഴിക്കേണ്ടി വന്നെന്നും മന്ത്രി പറഞ്ഞു. പൈപ്പ് മാറ്റാൻ തുടങ്ങിയ ശേഷം മാത്രമാണ് ഈ പ്രശ്നമുണ്ടായത്. ജനങ്ങൾ ഈ പ്രശ്നം മനസിലാക്കുമെന്ന് കരുതുന്നു. ഇത്തരം കാര്യങ്ങളിൽ കരുതലോടെ പോകാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണി പൂർത്തിയാക്കി ഇന്നലെ ഉച്ചയ്‌ക്ക് വാൽവ് ക്ലിയർ ചെയ്ത് അരുവിക്കരയിൽ ട്രീറ്റ്മെൻ്റ് പ്ലാൻിൽ നിന്ന് വെള്ളം തുറന്നുവിട്ടപ്പോൾ വാൽവി ചോർച്ചയുണ്ടായി. ഇതിനെ തുടർന്ന് വാൽവ് വീണ്ടും അഴിച്ചുപണിതു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെയും നഗരത്തിൽ വെള്ളമെത്തിയിട്ടില്ല.
തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്നാണ് നാല് ദിവസമായി തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട്. 44 വാർഡിലേക്കുള്ള ജലവിതരണമാണ് നിർത്തിവച്ചിരിക്കുന്നത്. സംഭവത്തിൽ ബിജെപി ഇന്നലെ രാത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇനിയും വെള്ളമെത്തിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് ബിജെപി കൗൺസിലർമാരുടെ തീരുമാനം.















