ന്യൂഡൽഹി: യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പരിഹാര ചർച്ചയ്‌ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിൻ പ്രസിഡന്റ് വ്‌ളൊഡിമർ സെലൻസ്‌കിയായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തയാഴ്ച അജിത് ഡോവലിന്റെ മോസ്‌കോയിലേക്കുള്ള യാത്രയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. ഇന്ത്യയുടെ മദ്ധ്യസ്ഥതയോടെ സംഘർഷങ്ങൾക്ക് പരിഹാരം കാണാമെന്നും ചൈനയ്‌ക്കും ബ്രസീലിനും ചർച്ചയുടെ ഭാഗമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. 2022-ൽ ഇസ്താംബൂളിൽ റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രതിനിധികൾ യുദ്ധ പരിഹാരവുമായി ഏർപ്പെട്ട കരാറുകൾ, ഭാവിയിൽ ചർച്ച ചെയ്യാനും തയ്യാറാണെന്നും പുടിൻ ഉറപ്പ് നൽകിയിരുന്നു.
ഓഗസ്റ്റ് 23 ന് യുക്രെയ്ൻ സന്ദർശിച്ച പ്രധാനമന്ത്രി, യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നും റഷ്യയും തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം യുക്രെയ്ൻ പ്രസിഡന്റ് വ്ളൊഡിമർ സെലൻസികിയെ അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്‌കോവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ഡോവൽ സമാധാന ചർച്ചയ്‌ക്കായി മോസ്‌കോയിലെത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.