മുംബൈ: വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരന്റെ ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം സറ അലി ഖാന് നേരെ സൈബർ ആക്രമണവുമായി തീവ്ര മതമൗലികവാദികൾ. സറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു തീവ്ര മതവാദികൾ കൂട്ടത്തോടെ ആക്രമണവുമായി രംഗത്തെത്തിയത്.
വിഘ്‌നേശ്വര ഭഗവാന് മുൻപിൽ തൊഴുകൈകളോടെ നിൽക്കുന്ന ചിത്രമാണ് സറ അലി ഖാൻ പങ്കുവെച്ചത്. ‘ഗണപതി ബപ്പ നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകട്ടെ. ഹാപ്പി ഗണേശ ചതുർത്ഥി’ എന്നും താരം കുറിച്ചു. ഇതാണ് തീവ്ര ഇസ്ലാമിക വാദികളെ ചൊടിപ്പിച്ചത്. ഇത് വെറും കല്ലാണെന്നും ഇത്തരം ആരാധനകൾ ശരിയല്ലെന്നും ഉൾപ്പെടെ മതസ്പർദ്ധ വളർത്തുന്ന കമന്റുകളാണ് സറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ലഭിച്ചത്.
അതേസമയം ഗണപതിബപ്പ മോറിയ എന്ന കമന്റോടെയും കമന്റ് ബോക്‌സിൽ സ്‌നേഹം വാരിവിതറിയും നടിക്ക് പിന്തുണ പ്രഖ്യാപിച്ചും നിരവധി ആളുകൾ രംഗത്തെത്തി. ബോളിവുഡിലെ യഥാർത്ഥ മതേതര നടിയെന്നും ഇത്തരം കരച്ചിലുകൾ ശ്രദ്ധിക്കേണ്ടെന്നുമാണ് ചിലർ കുറിച്ചത്. സ്വർണനിറത്തിൽ എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ഓറഞ്ച് നിറത്തിലുളള കുർത്തയാണ് താരം ധരിച്ചിരുന്നത്. വീട്ടിലെ ഗണേശ ചുതുർത്ഥി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷവും സറ അലി ഖാൻ വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ ഗ്രീഷ്‌നേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ സറ അലി ഖാൻ ദർശനം നടത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ശിവലിംഗത്തിന് മുൻപിൽ മുട്ടുകുത്തി കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റഗ്രാമിൽ പുറത്തുവിട്ടിരുന്നു. അതിന് മുൻപ് 2024 മാർച്ചിൽ ജൂഹുവിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം പുറത്ത് കാത്തുനിന്നവർക്ക് താരം മധുരവിതരണം നടത്തിയതും ചർച്ചയായിരുന്നു. നേരത്തെ ബദ് രിനാഥിലും കേദാർനാഥിലും സറ അലി ഖാൻ സന്ദർശിച്ചിരുന്നു.