ടെലികോം മേഖലയിൽ വമ്പൻ മത്സരമാണ് അരങ്ങേറുന്നത്. ആരാണ് അടിച്ച് കയറുന്നതെന്ന് പലപ്പോഴും പറയാൻ കഴിയുന്നില്ല. ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുത്ത് കുതിക്കുമ്പോൾ മറ്റ് ടെലികോം കമ്പനികൾക്ക് അൽപം വേവലാതിയുണ്ടെന്നാണ് പറയുന്നത്.
മത്സരിച്ചാണ് കുറഞ്ഞ നിരക്കിൽ കിടിലൻ പ്ലാനുകൾ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ജിയോ, എയർടെൽ, വിഐ എന്നിവർ താരിഫുകൾ 15 ശതമാനത്തോളം ഉയർത്തിയത്. എന്നാൽ ബിഎസ്എൻഎൽ റീച്ചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാത്തതും 4ജി അപ്ഗ്രഡേഷനും കൂടുതൽ പേരെ ആകർഷിച്ചു. ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ കുത്തൊഴുക്കാണ് രാജ്യമെമ്പാടും ഉണ്ടാകുന്നത്. ഇൻ്റർനെറ്റ് ഉപയോഗം കുറഞ്ഞവരാണ് പ്രധാനമായും ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നത്. ഇതോടെ വരിക്കാരെ പിടിച്ചുനിർത്താൻ പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ.
വെറും 75 രൂപയ്‌ക്ക് 23 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 100 MB ഡാറ്റ ലഭിക്കും. ഇതിന് പുറമേ 200 MB അതിവേഗ ഇൻ്റർനെറ്റ് അധികവും ലഭിക്കും. അങ്ങനെ ആകെ 2.5 ജിബി ഡാറ്റ ലഭിക്കും. 50 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും പ്ലാനിലുണ്ട്.
ജിയോയുടെ എട്ടാമത് വാർഷികം പ്രമാണിച്ചും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 10 വരെ 899, 999, 3,599 രൂപയുടെ പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്.
















