കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിക്കെതിരെ ഭരണപക്ഷ മന്ത്രിമാർ തന്നെ രംഗത്തിറിങ്ങി. രാജ്യസഭാ എംപി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നതായി ജവഹർ സിർക്കർ അറിയിച്ചു. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചത്. സിർക്കർ പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളും സജീവമാണ്.
വരുന്ന ദിവസം രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ബംഗാൾ കലുഷിതമാണെന്നും സംസ്ഥാനത്തെ രക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനും സിർക്കറുടെ കത്തിൽ പറയുന്നു. മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിയായിരുന്നു മമത . പഴയ ശൈലിയിൽ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാൽ നേർ വിപരീതമായാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കാർക്കും മറ്റും മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെതിരെ ജനങ്ങളിൽ അവമതിപ്പുണ്ട്. ഇനി അവർ വിശ്വാസമർപ്പിക്കില്ല. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമുണ്ടായിട്ട് വളരെ വൈകിയാണ് സർക്കാർ ഓരോ നീക്കവും നടത്തുന്നത്. വളരെ ലജ്ജാകരമാണ് മുഖ്യമന്ത്രിയുടെ രീതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളികളെ ശിക്ഷിക്കാതെ നാട് ശാന്തമാകില്ലെന്നും സിർക്കർ മുന്നറിയിപ്പ് നൽകി.















