തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർവീസുകളും കാർഗോ നീക്കവും താളം തെറ്റിച്ച് എയർ സാറ്റ്‌സ് കരാർ ജീവനക്കാരുടെ സമരം. ഗ്രൗണ്ട് ഹാൻഡിലിംഗ് ജീവനക്കാർ സമരം തുടങ്ങിയതോടെ സർവീസുകൾ 30 മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകി. വിമാനത്തിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങാനാകാതെയും ലഗേജ് ലഭിക്കാതെയും കുട്ടികളും ഗർഭിണികളുമടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. ബോണസും ശമ്പള പരിഷ്‌കരണവും നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പണിമുടക്ക് തുടർന്നതോടെ വിമാനത്തിൽ കയറ്റി അയക്കേണ്ടിരുന്ന 20 ടൺ ഭക്ഷ്യ വസ്തുക്കൾ കെട്ടിക്കിടന്നു. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ അയക്കേണ്ടിരുന്ന ഭക്ഷ്യവസ്തുക്കളാണിത്. എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്‌സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്.
തുടർന്ന് പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. 6 ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ചു. ഈ വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. രാജ്യാന്തര സർവീസുകൾ പുറപ്പെടാൻ 40 മിനിട്ട് വരെ താമസമുണ്ടെന്നും ബാഗേജ് ക്ലിയറൻസ് വൈകുകയാണെന്നും അധികൃതർ അറിയിച്ചു.
എന്നാൽ പണിമുടക്കുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിക്കുന്ന നടപടികൾ തുടരുന്നുണ്ട്. സർവീസുകൾ തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.















