അമ്മമാരുടെയും മുത്തശ്ശിമാരുടെയും പഴയ സാരികൾ തിരിച്ചറിയാത്ത രീതിയിൽ മാറ്റം വരുത്തി മനോഹരമായ തുന്നൽപ്പണികൾ ചെയ്ത് വീണ്ടും ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. എത്ര പുതിയ വസ്ത്രങ്ങൾ കിട്ടിയാലും പട്ടുസാരികൾ കാണ്ടാൽ ചുരിദാർ, ലെഹങ്ക തുടങ്ങിയ വസ്ത്രങ്ങൾ തുന്നിയെടുക്കുന്നവരാണ് നമ്മൾ. പ്രമുഖ ഫാഷൻ ഡിസൈനർമാരും ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാറുണ്ട്. ബോളിവുഡ് താരം സറ അലി ഖാന്റെ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇടംപിടിക്കുന്നത്.
മുംബൈയിലെ ആന്റിലിയയിൽ അംബാനി കുടുംബം സംഘടിപ്പിച്ച ഗണേശ് ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയതാണ് സറ അലിഖാൻ. താരത്തിന്റെ വേഷമായിരുന്നു ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. വിവിധ നിറത്തിലുള്ള പട്ടുസാരികൾ കൊണ്ട് നിർമിച്ച ലെഹങ്കയായിരുന്നു താരം ധരിച്ചത്.
മയൂർ ഗിരോത്രയാണ് വസ്ത്രത്തിന്റെ ഡിസൈനർ. വർഷങ്ങളായി അദ്ദേഹം ശേഖരിച്ചു വച്ച സാരികൾ ഉപയോഗിച്ചാണ് ലെഹങ്ക നിർമിച്ചിരിക്കുന്നത്. ടിഷ്യു സിൽക്ക് ദുപ്പട്ടയാണ് ലെഹങ്കയ്‌ക്ക് നൽകിയത്. ഇന്ത്യൻ തുണിത്തരങ്ങളുടെ സമ്പന്നമായ പൈതൃകം ചൂണ്ടിക്കാട്ടുന്നതിനും പഴയ തുണിത്തരങ്ങൾ വേറിട്ട രീതിയിൽ പുനർനിർമിക്കാൻ സാധിക്കുമെന്ന് ലോകത്തെ അറിയിക്കുന്നതിനുമായാണ് ഇത്തരത്തിൽ വർഷങ്ങളായി സാരികൾ ശേഖരിച്ച്, വ്യത്യസ്തമായ വസ്ത്രങ്ങൾ നിർമിക്കുന്നതെന്ന് മയൂർ ഗിരോത്ര പറഞ്ഞു.
വസ്ത്രത്തിന് അനുയോജ്യമായ സിംപിൾ മേക്കപ്പും ആക്‌സസറീസുമായിരുന്നു സറ ഉപയോഗിച്ചത്. കരീന കപൂർ, സെയ്ഫ് അലിഖാൻ, ശ്രദ്ധ കപൂർ, തമന്ന, സച്ചിൻ ടെണ്ടുൽക്കർ, സിദ്ധാർത്ഥ് മൽഹോത്ര, ആമീർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ഗണപതി ദർശനിൽ പങ്കെടുക്കാൻ അംബാനി കുടുംബത്തിലെത്തിയത്.