ന്യൂഡൽഹി: ബിജെപിയുടെ അംഗത്വ കാമ്പെയ്‌നിൽ പങ്കെടുത്ത് എംപി ബൻസുരി സ്വരാജ്. ശക്തവും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഓരോ ഇന്ത്യക്കാരും ബിജെപിയിൽ അംഗത്വം സ്വീകരിക്കണമെന്നും ബൻസൂരി പറഞ്ഞു. സരോജിനി നഗറിലെ സിന്ധ്യ ക്യാമ്പിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
” വികസിതവും ശക്തവുമായ ഭാരതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ലോകത്തെ ഏറ്റവും ജനപ്രിയ പാർട്ടിയായ ബിജെപിയിൽ അംഗമാവുകയും പ്രധാനമന്ത്രിയുടെ ജനക്ഷേമ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പങ്കാളികളാകാനും ശ്രമിക്കുക. രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.”- ബൻസുരി സ്വരാജ് പറഞ്ഞു.
നേരത്തെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അംഗത്വ കാമ്പെയ്‌നിൽ പങ്കെടുക്കുകയും ഡൽഹിയിലെ സുന്ദർ നഗരി ചേരികൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാർട്ടിക്കാർ തങ്ങളുടെ വീടുകൾ തകർത്തുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പാവപ്പെട്ട സ്ത്രീകളാണ് കാമ്പെയ്‌നിൽ പങ്കെടുക്കാനെത്തിയത്. അവരുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ നിരവധി നിർധനരായ കുടുംബങ്ങളെ സഹായിക്കാൻ ബിജെപി അംഗത്വ കാമ്പെയ്‌നിലൂടെ സാധിക്കുമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വ കാമ്പെയ്‌ന് തുടക്കമിട്ടത്. മെമ്പർഷിപ്പ് കാർഡ് പുതുക്കിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാമ്പെയ്ൻ ഉദ്ഘാടനം ചെയ്തത്.















