തിരുവനന്തപുരം: നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പഴയപടിയാകും. രാത്രി 10 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. ഒന്നര മണിക്കൂറിനുള്ളിൽ താഴ്ന്ന സ്ഥലങ്ങളിലേക്കും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലേക്കും വെള്ളമെത്തും.
തിരുവനന്തപുരം – നാഗർകോവിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിക്കേണ്ടി വന്നതെന്ന് ജലവിഭവ മന്ത്രി അറിയിച്ചു. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെൻഡ് ഒഴിവാക്കണമെന്ന റെയിൽവേയുടെ നിബന്ധനയെ തുടർന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നതെന്നാണ് വിശദീകരണം.
48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ലൈൻ ചാർജ് ചെയ്തപ്പോൾ വാൽവിൽ സംഭവിച്ച ചോർച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. വാൽവ് ഊരി വീണ്ടും ഘടിപ്പിക്കുകയായിരുന്നു പോംവഴി. ലൈനിലെ വെള്ളം നീക്കം ചെയ്തതിനു ശേഷമാണ് ജോലി പുനരാരംഭിക്കാൻ കഴിഞ്ഞത്. വെള്ളം നീക്കം ചെയ്യുന്നതിനു വേണ്ടി മാത്രം ഏഴു മണിക്കൂറോളം വേണ്ടി വന്നു. മുൻകൂട്ടി കാണാൻ സാധിക്കാത്ത തടസ്സങ്ങൾ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം സംഭവിക്കാൻ കാരണമായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി സാഹചര്യം മനസിലാക്കി സഹകരിച്ച ഏവരോടും നന്ദിയും രേഖപ്പെടുത്തി.
ജലവിതരണം മുടങ്ങിയതിനെ തുടർന്ന് കേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റിവച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധിയാണ്. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. നഗരസഭാ പരിധിയിലെ സ്കൂളുകളിൽ നാളെ നടക്കാനിരുന്ന ഓണപ്പരീക്ഷയും മാറ്റിവച്ചു.















