ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കും. നിർണായകമായ ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ നരേന്ദ്രമോദി റഷ്യയും യുക്രെയ്‌നും സന്ദർശിച്ചിരുന്നു. അതിന് ശേഷമാണ് അമേരിക്കയിലേക്കുള്ള യാത്ര. ഈ മാസം 21ന് ഡെലവെയറിലെ വിൽമിംഗ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാൽ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണ് ഇത്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരസ്ഥാനത്തേക്ക് ഇല്ലെന്ന് കിഷിദയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2025ൽ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വർഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്.
ഇതിന് ശേഷം സെപ്തംബർ 22-23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 22ാം തിയതി ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടക്കുന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ‘ മോദി & യുഎസ്, പ്രോഗസ് ടുഗെദർ’ എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. അതേസമയം യുഎൻ ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തേക്കില്ലെന്നാണ് വിവരം. 28ന് നടക്കുന്ന പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിക്കും.