തിരുവനന്തപുരം: തലസ്ഥാന നഗരി വെള്ളം കിട്ടാതെ അലയാൻ തുടങ്ങിയിട്ട് നാലഞ്ച് ദിവസമായി. വെള്ളം ഇന്നലെ മുതൽ എത്തിച്ച് തുടങ്ങിയെങ്കിലും പലയിടത്തും ഇനിയും ജലമെത്താനുണ്ട്. കോർപ്പറേഷന്റെ അനാസ്ഥയിൽ അങ്കണവാടികൾക്ക് ഉൾപ്പടെ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സാധാരണക്കാർ വെള്ളത്തിനായി നെട്ടോട്ടമോടിയപ്പോഴും മന്ത്രി മന്ദിരങ്ങളെയോ എകെജി സെന്ററിനെയോ ഈ ജലപ്രതിസന്ധി ബാധിച്ചില്ലെന്നതാണ് ശ്രദ്ധേയം. തലസ്ഥാനത്തെ പകുതിയോളം വാർഡുകളിലാണ് വെള്ളം മുടങ്ങിയതെങ്കിലും മന്ത്രി മന്ദിരങ്ങളിൽ യഥേഷ്ടം വെള്ളം ലഭിച്ചു. ന്ത്രി മന്ദിരങ്ങളിൽ വെള്ളം മുടങ്ങിയാൽ ഉടൻ ടാങ്കറിൽ വെള്ളം എത്തിക്കും.
എംഎൽഎയും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ അതിഥികൾക്ക് കൈ കഴുകാൻ വെള്ളം കിട്ടാതെ വന്നതോടെ വൻ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാർ തുടങ്ങി 700 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. സദ്യയുടെ രണ്ടാം പന്തി ആരംഭിച്ചതോടെ വെള്ളം തീർന്നു. തുടർന്ന് വധുവിന്റെ വീട്ടുകാർ ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളിൽ കുപ്പിവെള്ളം എത്തിച്ചാണ് കൈ കഴുകാൻ സൗകര്യമൊരുക്കിയത്.















