തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ സംരക്ഷിച്ച് കേരള സർക്കാർ. മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നൽകിയ നിർദേശം.
മുൻകൂർ ജാമ്യത്തിനെതിരെയുള്ള അപ്പീൽ ഹർജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. കേഷിന്റെ കാര്യത്താൽ അപ്പീൽ അനുമതി ഇല്ലെങ്കിൽ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യത്തിലും അപ്പീൽ നൽകില്ല. സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചിരുന്നത്.
സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ്ഐടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നൽകാനിരിക്കെയാണ് വിലക്ക്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.