കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ സഹായികൾക്കെതിരെ കേസെടുത്തു. സന്ദീപിന്റെ സുഹൃത്തുക്കളും സഹായികളുമായ ഡോ.ബിരൂപാക്ഷ ബിശ്വാസ്, ഡോ. അവിക് ഡെ, ഡോ.രഞ്ജിത് സാഹ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
46ലധികം പരാതികളാണ് ഇവർക്കെതിരെ ജൂനിയർ ഡോക്ടർമാരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. പിന്നാലെയാണ് മൂന്ന് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് മൂന്ന് പേരും ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയത്. പ്രതിഷേധവുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഡോക്ടർമാർ, തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ ആരോപിക്കുന്നു.
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് സന്ദീപ് ഘോഷ് അറസ്റ്റിലായത്. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് സീനിയർ ഡോക്ടർമാർ പ്രതിഷേധം നടത്തുന്ന ജൂനിയർ ഡോക്ടർമാർക്കെതിരെ ഭീഷണി മുഴക്കിയത്. സന്ദീപ് ഘോഷ് പ്രിൻസിപ്പിലായിരുന്ന സമയത്ത് കോളേജിൽ വലിയ തോതിൽ സാമ്പത്തിക അട്ടിമറികൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2021 ഫെബ്രുവരി മുതൽ 2023 സെപ്തംബർ വരെയാണ് സന്ദീപ് ഘോഷ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചത്. 2023 ഒക്ടോബറിൽ ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഒരു മാസത്തിനുള്ളിൽ വീണ്ടും പ്രിൻസിപ്പലായി ചുമതലയേൽക്കുകയായിരുന്നു.















