ഇടുക്കി: പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവച്ച് എസ്പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യവകാശ കമ്മീഷന്റെ കണ്ടെത്തൽ.
അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ എസ്പിയും കട്ടപ്പന ഡിവൈഎസ്പിയും വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കഴിഞ്ഞ ഏപ്രിൽ 25-നാണ് ആസിഫിനെ കട്ടപ്പന എസ്ഐ സുനേഖ് പി. ജെയിംസും സിപിഒ മനു പി. ജോസും സംഘവും മർദ്ദിച്ചത്. എസ്ഐയ്‌ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
ഇരട്ടയാറിൽ വാഹന പരിശോധനയ്‌ക്കിടെ സിപിഒ മനു പി. ജോസിന് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചെന്ന് കാണിച്ച് മൂവർക്കുമെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്തു.
ഇത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി ആസിഫിന്റെ അമ്മ ഗവർണർക്കും ഡിജിപി പരാതി നൽകിയിരുന്നു. സംഭവം നടക്കുമ്പോൾ ആസിഫ് സ്ഥലത്തില്ലെന്നും സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയതെന്നും പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വച്ചും മർദ്ദിച്ചുമെന്നായിരുന്നു പരാതി. ഈ പരാതിയിലെ അന്വേഷണമാണ് വഴിത്തിരിവായത്.