ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രായലയം. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണെന്നും സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ സ്‌ക്രീനിംഗ് ചെയ്യുകയും പരിശോധനകൾ നടത്തുകയും ചെയ്യണമെന്ന് കേന്ദ്രം നിർദേശിച്ചു. രോഗബാധയുള്ളവരെ ഐസോലേഷന് വിധേയമാക്കി സമ്പർക്കം കുറയ്‌ക്കണമെന്നും നിർദേശമുണ്ട്. രോഗവ്യാപനം തടയാൻ സമ്പർക്ക പട്ടിക തയ്യാറാക്കണമെന്നും കേന്ദ്രം അറിയിച്ചു.
രോഗബാധയുള്ളവരെയും ലക്ഷണങ്ങളുള്ളവരെയും പരിചരിക്കാൻ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ ആശുപത്രികളിലുണ്ടാകണം. മതിയായ ജീവനക്കാരും സൗകര്യങ്ങളുണ്ടെന്നും ആശുപത്രി അധികൃതർ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യത്ത് നിന്നായിരുന്നു ഇയാൾ ഇന്ത്യയിലെത്തിയത്. തുടർന്ന് യുവാവിനെ ഐസോലേറ്റ് ചെയ്തു. യുവാവിന്റെയും യുവാവുമായി സമ്പർക്കം പുലർത്തിയവരുടെയും സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതാണ് നെഗറ്റീവായത്.
കടുത്ത പനി, പേശിവേദന, തലവേദന, ഊർജ കുറവ് എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ തുടങ്ങിയ ഭാഗങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടുന്നു.