കൊൽക്കത്ത: ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ ബിഎസ്എഫ് നടപ്പാക്കിയ തേനീച്ച വളർത്തൽ ഫലപ്രദമെന്ന് വിലയിരുത്തൽ. പശ്ചിമബംഗാളുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരത്തിലാണ് ഗ്രാമീണരുമായി സഹകരിച്ച് ബിഎസ്എഫിന്റെ 32-ാം ബെറ്റാലിയൻ തേനീച്ച കൂടുകൾ സ്ഥാപിച്ചത്.
അതിർത്തി ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വൈബ്രന്റ് വില്ലേജിൽ ഉൾപ്പെടുത്തി കഴിഞ്ഞ നവംബർ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാൻ തുടങ്ങിയത്. ഇതോടെ അതിർത്തിയിലെ കുറ്റകൃത്യങ്ങൾക്ക് കുറവു വന്നിട്ടുണ്ടെന്ന് 32-ാം ബെറ്റാലിയൻ കമാൻഡന്റ് സുജീത് കുമാർ പറഞ്ഞു.
ബംഗ്ലാദേശികൾ വേലി മുറിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിന് തടയിടാൻ വഴികൾ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാലിക്കടത്തടക്കം നേരത്തെ അതിർത്തിവഴി നടത്തിയിരുന്നു. തേനീച്ചകളെ സ്ഥാപിച്ചതോടെ ഇത് ഏതാണ്ട് ഇല്ലാതായെന്നാണ് ബിഎസ്എഫ് സാക്ഷ്യപ്പെടുത്തുന്നു.















