ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിന് പകരം തൃണമൂൽ അദ്ധ്യക്ഷ പീഡകർക്കൊപ്പമാണെന്ന് അദ്ദേഹം ആരോപിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖകൾ കാണാതായ വിഷയത്തിൽ സുപ്രീം കോടതി ഇന്ന് ബംഗാൾ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നലെയായിരുന്നു ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.
“ഇന്ന് സുപ്രീ കോടതിയിൽ രണ്ട് മണിക്കൂർ നീണ്ട വാദം നടന്നു. ഇന്ത്യയുടെ ജനാധിപത്യം ലജ്ജിച്ച് തല കുനിച്ചു. ആർക്കെങ്കിലും ലജ്ജ തോന്നിയിട്ടില്ലെങ്കിൽ അത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മാത്രമാണ്,”അദ്ദേഹം പറഞ്ഞു. ഒരുപക്ഷത്ത് ബിജെപി ഉൾപ്പെടുന്ന ഭരണഘടനയുടെ സംരക്ഷകരെയും മറുവശത്ത് അത് ലംഘിക്കുന്നവരെയുമാണ് സുപ്രീം കോടതിയിലെ വാദത്തിൽ കാണാൻ കഴിഞ്ഞതെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു.
കൊലപാതകം നടന്ന് 14 മണിക്കൂർ കഴിഞ്ഞിട്ടും എഫ്ഐആർ എന്തുകൊണ്ട് രജിസ്റ്റർ ചെയ്തില്ലെന്ന കോടതിയുടെ ചോദ്യത്തിന് മമതയ്‌ക്ക് ഉത്തരമുണ്ടോയെന്നും ഇനിയെങ്കിലും അവർ രാജിവച്ച് നീതിപൂർവമായ അന്വേഷണം നടത്താൻ വഴിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ബംഗാളിൽ എല്ലാ പെൺകുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുമെന്നുംഅദ്ദേഹം പറഞ്ഞു.















