തന്റേതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. താരത്തിന്റെ നൃത്തച്ചുവടുകളും സോഷ്യൽമീഡിയയിൽ വളരെ പെട്ടന്ന് വൈറലാവാറുണ്ട്. അത്തരത്തിൽ ജയിലറിലെ കാവാല ഗാനത്തിനും സ്ത്രീ 2ന്റെ ആജ് കി രാത് ഗാനത്തിനുമായി ആരാധകർ ഏറെയാണ്. പാട്ടുകൾ പോലെ പടങ്ങളും സൂപ്പർഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് തമന്ന. ഇതിനിടയിൽ രജനികാന്തിനൊപ്പം ജയിലറിൽ പ്രവർത്തിച്ച അനുഭവം പങ്കുവച്ചിക്കുകയാണ് താരം.
താൻ കണ്ടതിൽ വച്ച് ഏറ്റവും വിനീതനായ സൂപ്പർ സ്റ്റാർ രജനികാന്താണെന്നാണ് തമന്നയുടെ വിശേഷണം. വളരെയധികം എളിമയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. ആരാധകരാണ് ഒരു താരത്തെ വളർത്തുന്നതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതിനാൽ വന്ന വഴി മറക്കാതെ ആരാധകരെ എപ്പോഴും ചേർത്തു നിർത്തുന്ന വ്യക്തിത്വമാണ് രജനികാന്തിനെന്നും തമന്ന പറഞ്ഞു.
” രജനികാന്തിനെ ഒരു ഡെമി-ഗോഡ് എന്ന് വിശേഷിപ്പിക്കാം. അദ്ദേഹം തനിക്ക് ചുറ്റുമുള്ളവരെ ആദ്യം പരിഗണിക്കാൻ ശ്രമിക്കുന്നു. വളരെ എളിമയുള്ള വ്യക്തത്വമാണ് അദ്ദേഹത്തിന്റേത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിനീതനായ വ്യക്തി. സെറ്റിൽ ഒരുപാട് പേർ അദ്ദേഹത്തെ കാണാനായി തടിച്ചുകൂടിയിരുന്നു. എല്ലാവരോടും വളരെ എളിമയോടെ അദ്ദേഹം പെരുമാറുന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു.
അങ്ങനെ ഒരാൾക്ക് മാത്രമേ ആരാധകർ നൽകുന്ന സ്‌നേഹം തിരിച്ചു നൽകാൻ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള മനുഷ്യർ വിശാല ഹൃദയത്തിന് ഉടമകളായിരിക്കും. അവരാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ. രാജനികാന്തും ഒരു യഥാർത്ഥ സൂപ്പർ സ്റ്റാറാണ്.”- തമന്ന ഭാട്ടിയ പറഞ്ഞു.
നെൽസൺ ദിലിപ്കുമാറിന്റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ സിനിമയാണ് ജയിലർ. സിനിമയിൽ കാവാല ഗാനത്തിലാണ് തമന്നയും രജനികാന്തും ഒന്നിച്ചെത്തുന്നത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച പാട്ടുകളിൽ മുൻപന്തിയിലാണ് കാവാലയുടെ സ്ഥാനം.















