മനില: ഫിലിപ്പീൻസിലെ പ്രമുഖ പാസ്റ്റർ അപ്പോളോ ക്വിബോളോയ് (Apollo Quiboloy) അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം അടക്കമുള്ള കേസുകളിൽ പ്രതി ചേർത്താണ് പാസ്റ്ററെ പിടികൂടിയത്. രണ്ടായിരം പൊലീസുകാരും ഹെലികോപ്റ്ററും തെർമൽ ഇമേജിംഗ് സംവിധാനവുമൊക്കെ ഉപയോഗിച്ച് രണ്ടാഴ്ച നീണ്ട ദൗത്യത്തിനൊടുവിൽ അതിസാഹസികമായിട്ടായിരുന്നു അപ്പോളോ ക്വിബോളോയെ പൊലീസ് വിരിച്ച വലയിൽ കുടിക്കിയത്.
ഫിലിപ്പീൻസിലും ലോകത്തിന്റെ പല ഭാഗത്തും വലിയ സ്വാധീനമുള്ള പാസ്റ്ററാണ് അപ്പോളോ. ‘പ്രപഞ്ചത്തിന്റെ ഉടമ’യെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പാസ്റ്ററിനെതിരെ സെക്സ് ട്രാഫിക്കിംഗ് ആരോപണങ്ങൾ ഉയർന്നിരുന്നു. ദവാവോ നഗരത്തിൽ 74 ഏക്കർ കോംപൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഭീമൻ സമുച്ചയത്തിലെ പള്ളിയും കോളേജുമൊക്കെ ആയിരുന്നു അപ്പോളോയുടെ അധോലോകം. ദ കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ് (KOJC) എന്നാണ് ഈ സമുച്ചയത്തെ അപ്പോളോ വിശേഷിപ്പിച്ചിരുന്നത്. തന്റെ അധോലോക സാമ്രാജ്യത്തിൽ ബങ്കറിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന പാസ്റ്ററെ വൻ സന്നാഹങ്ങളുമായെത്തിയ പൊലീസ് അതിവദഗ്ധമായി പിടികൂടുകയായിരുന്നു.
അപ്പോളോ ക്വിബോളോയിയുടെ അനുയായികൾ ഒന്നടങ്കം ഒത്തുചേരുകയും KOJC സമുച്ചയത്തിന്റെ ഗെയ്റ്റിന് മുന്നിൽ സുരക്ഷാകവചം തീർക്കുകയും ചെയ്തത് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് വലിയ വെല്ലുവിളി ഉയർത്തി. അറസ്റ്റിന് അനുമതി നൽകുന്ന കോടതി ഉത്തരവുമായി എത്തിയ പൊലീസ് പാസ്റ്ററുടെ സമുച്ചയത്തിന് മുകളിൽ ഹെലികോപ്റ്റർ അടക്കം വിന്യസിച്ചിരുന്നു. കത്തീഡ്രൽ, കോളേജ്, സ്റ്റേഡിയം തുടങ്ങിയവയെല്ലാം അടങ്ങുന്ന ഭീമൻ സമുച്ചയത്തിനകത്ത് നിന്ന് പാസ്റ്ററെ കണ്ടെത്താൻ പൊലീസ് നന്നേ പാടുപെട്ടു. ഭൂമിക്കടിയിൽ നിന്ന് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താൻ റഡാർ ടെക്നോളജിയും തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും പൊലീസ് ഉപയോഗിച്ചു. തുടർന്നാണ് ലൈംഗിക കുറ്റവാളിയായ പാസ്റ്ററെ വിലങ്ങണിയിച്ചത്.
ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ദുട്ടേർട്ടെയുടെ ദീർഘകാല സുഹൃത്തായിരുന്നു പാസ്റ്റർ. രാജ്യത്തെ ദശലക്ഷക്കണക്കിനാളുകളായിരുന്നു പാസ്റ്ററുടെ അനുയായികളായി സേവനമനുഷ്ഠിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും മനുഷ്യക്കടത്ത് നടത്തിയതിനും പാസ്റ്ററിനെതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി 2021ൽ യുഎസ് ഡിപ്പാർട്ട്മെന്റ് പാസ്റ്ററിനെതിരെ കേസ് രജസിറ്റർ ചെയ്തിട്ടുണ്ട്. 12നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും യുവതികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ട്രാഫിക്കിംഗ് നടത്തിയെന്നായിരുന്നു പാസ്റ്ററിനെതിരെ അമേരിക്ക നടത്തിയ കണ്ടെത്തൽ. പാസ്റ്ററുടെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കുന്ന പെൺകുട്ടികൾ ഇയാളുടെ ലൈംഗികാവശ്യങ്ങൾ നിറവേറ്റേണ്ടവരായിരുന്നു. സെക്സ് ട്രാഫിക്കിംഗ് നടത്തിയതിന് എഫ്ബിഐയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിലും പാസ്റ്റർ ഇടംപിടിച്ചിട്ടുണ്ട്.















