എറണാകുളം: വിവാദമായ തിരുനാവായ – തവനൂർ പാലം നിർമ്മാണത്തിൽ പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ പൊതു താത്പര്യ ഹർജിയുമായി മെട്രോമാൻ ഈ ശ്രീധരൻ കേരാള ഹൈക്കോടതിയെ സമീപിച്ചു.
ത്രിമൂർത്തി ക്ഷേത്രങ്ങളെ ബാധിക്കാതെ ഭാരതപ്പുഴയ്‌ക്ക് കുറുകെ തിരുവണായ-തവനൂർ പാലം പുനഃസ്ഥാപിക്കുന്നതിനുള്ള ബദൽ, പ്രായോഗിക മാർഗങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാരും അധികാരികളും പരാജയപ്പെട്ടെന്ന് ഈ ശ്രീധരൻ ആരോപിച്ചു.
നിർദിഷ്ട തിരുനാവായ – തവനൂർ പാലം ഭാരതപ്പുഴയുടെ വടക്കേ കരയിലുള്ള മലപ്പുറം ജില്ലയിലെ തിരുനാവായയിലെ വിഷ്ണു ക്ഷേത്രത്തെയും നദിയുടെ തെക്കേ കരയിലുള്ള തവനൂരിലെ ബ്രഹ്മ പ്രതിഷ്ഠയുള്ള ക്ഷേത്രത്തെയും വേർതിരിക്കുന്നതാണെന്ന് അദ്ദേഹം സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇത് ‘മത വിശ്വാസത്തെ ‘ ബാധിക്കുകയും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യും.
കൂടാതെ പാലത്തിന്റെ നിർദിഷ്ട നിർമ്മാണ പ്ലാൻ കേരള ഗാന്ധി എന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ കെ കേളപ്പന്റെ സമാധിയിലേക്ക് കടന്നുകയറുന്നു. ഇതൊഴിവാക്കാൻ ഈ രംഗത്തെ വിദഗ്ധനായ ഹർജിക്കാരൻ സംസ്ഥാന സർക്കാരിന് സൗജന്യമായി സാങ്കേതിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തന്റെ കത്തിൽ, ക്ഷേത്രങ്ങളെയും ചരിത്രപ്രാധാന്യമുള്ള നിർമ്മാണങ്ങളെയും ബാധിക്കാതെ പാലം നിർമ്മിക്കുന്നതിനുള്ള ബദലുകളും പ്രായോഗികവുമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. തന്റെ നിർദ്ദേശങ്ങൾ നിർമ്മാണ ചെലവ് കുറയ്‌ക്കുന്നതിനൊപ്പം സാമൂഹിക-മത പ്രശ്‌നങ്ങൾ ഒഴിവാക്കുമെന്ന് അദ്ദേഹം വാദിക്കുന്നു.
നിർദിഷ്ട പാലത്തിന്റെ നിർമാണം 2024 സെപ്തംബർ 08-ന് ആരംഭിക്കുമെന്ന് അറിയുന്നു . അതിനാൽ താൻ നിർദ്ദേശിച്ച ബദൽ അലൈൻമെൻ്റ് പരിഗണിക്കാൻ പ്രതികളോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
അദ്ദേഹത്തിന് വേണ്ടി അഭിഭാഷകരായ സജിത്ത് കുമാർ വി, വിവേക് എവി, ശ്രീഹരി വിഎസ് എന്നിവരാണ് ഹർജി സമർപ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് നിർദേശിച്ചു.















