തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എംഎഎൽഎ മുകേഷിനെ പിന്തുണച്ച് സർക്കാർ. മുകേഷിന് ലഭിച്ച മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതിനെയാണ് സർക്കാർ എതിർത്തത്. ജാമ്യം ലഭിച്ച ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം അന്വേഷണ സംഘത്തിന് നൽകിയത്.
സർക്കാർ പിന്തുണയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ താൻ നേരിട്ട് അപ്പീൽ നൽകുമെന്നാണ് പരാതിക്കാരിയുടെ പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലും ഇതേ നിലപാട് സർക്കാർ സ്വീകരിക്കുമോയെന്ന ചോദ്യമാണ് ഇനി ശേഷിക്കുന്നത്.
ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎയ്‌ക്ക് സർക്കാർ പൂർണ സംരക്ഷണം ഒരുക്കുന്നുവെന്ന വിമർശനവും ഇതോടെ ശക്തമായി. സ്ത്രീ പീഡന, ബലാത്സംഗക്കേസുകളിൽ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഇത് സ്ത്രീപക്ഷ സർക്കാരാണെന്നും ഇടതുനേതാക്കൾ ഇടതടവില്ലാതെ വാദിക്കുമ്പോഴാണ് മുകേഷ് പ്രതിയായ കേസിലൂടെ സർക്കാരിന്റെ തനിനിറം വീണ്ടും പുറത്തുവന്നിരിക്കുന്നത്.