ന്യൂഡൽഹി: കാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ചു. 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഡൽഹിയിൽ ചേർന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. മരുന്നുകളുടെ നികുതി നിരക്ക് കുറയ്‌ക്കണമെന്ന ആവശ്യം കണക്കിലെടുത്ത് കാൻസർ മരുന്നുകളുടെയും ചില ഭക്ഷണ പദാർത്ഥങ്ങളുടെയും ജിഎസ്ടി കുറച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കാൻസർ മരുന്നുകളുടെ ജിഎസ്ടിക്ക് പുറമെ ഭുജിയ, മിക്‌സ്ച്ചർ തുടങ്ങിയ ഉപ്പ് അടങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ജിഎസ്ടി നിരക്കും കുറച്ചു. ഹെൽത്ത്-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.
ആരോഗ്യം ലൈഫ് ഇൻഷുറൻസ് മേഖലയിൽ നികുതി നിർദേശങ്ങൾ പഠിക്കാൻ മന്ത്രിസഭാ സമിതി രൂപീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി. നിലവിൽ 18 ശതമാനമാണ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി. നിർമല സീതാരമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു.