സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് മനസുതുറന്ന് മാധവ് സുരേഷ്. സിനിമയിൽ അഭിനയിക്കണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മാധവ് പറഞ്ഞു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ് സുരേഷ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമയായ കുമ്മാട്ടിക്കളിയെ കുറിച്ച് താരം പങ്കുവച്ചത്.
എന്റെ അച്ഛൻ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് പണിയെടുത്ത് പേരുണ്ടാക്കിയൊരു മേഖലയാണ് സിനിമാ മേഖല. അങ്ങനെയൊരു മേഖലയിലേക്ക് എനിക്ക് 19-ാമത്തെ വയസുമുതൽ അവസരങ്ങൾ വന്നിരുന്നു. ഒരു പരിധിയിൽ കൂടുതൽ തേടിവരുന്ന അവസരങ്ങളെ വേണ്ടായെന്ന് വച്ചാൽ പിന്നീട് ആ അവസരങ്ങൾ ഉണ്ടാകില്ല.
സ്വന്തം അച്ഛൻ പേരുണ്ടാക്കിയൊരു മേഖലയിൽ ജോലി ചെയ്യാൻ ഏതൊരു മകനും അല്ലെങ്കിൽ മകൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ്. അങ്ങനെ വന്നൊരു അവസരമായിരുന്നു ഇത്. ഫുട്ബോൾ പ്ലെയർ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. സിനിമാ കരിയറിൽ ഒരുപാട് അനുഭവിച്ചിട്ടുള്ള ആളാണ് എന്റെ ചേട്ടൻ. ഒരുപാട് വിമർശനങ്ങളും നെഗറ്റീവ് കാര്യങ്ങളും ചേട്ടൻ നേരിട്ടുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു.