ജോലിഭാരം അമിതമാകുമ്പോൾ സമ്മർദ്ദവും മറ്റ് മാനസിക സംഘർഷങ്ങളും പൊതുവെ എല്ലാവർക്കും അനുഭവപ്പെടാറുണ്ട്. ഇത്തരം സമ്മർദ്ദങ്ങളും വിരസതയും ഒഴിവാക്കുന്നതിനായി അവധിയെടുത്ത് ഒഴിവ് സമയങ്ങൾ ആസ്വദിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ അവധിയെടുക്കാതെ പണിയെടുത്താൽ എന്ത് സംഭവിക്കും? എട്ടിന്റെ പണികിട്ടും എന്ന് തെളിയിക്കുന്ന വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്.
104 ദിവസം തുടർച്ചയായി ജോലി ചെയ്തതിനെ തുടർന്ന് 30കാരനായ അബാവോയാണ് മരിച്ചത്. ഇയാളുടെ അവയവങ്ങൾ ഉൾപ്പെടെ തകരാറിലായി. പെയിന്ററായ അബാവോ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്റെ പുതിയ കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഇതിന്റെ ജോലിഭാരം അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വിശ്രമമില്ലാതെ 104 ദിവസം തുടർച്ചയായി അദ്ദേഹം ജോലി ചെയ്തു. ഇതിനിടയിൽ ഒരു ദിവസം മാത്രമാണ് അബാവോ അവധിയെടുത്തതെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ജൂണിലാണ് അബാവോ മരണപ്പെട്ടത്. ഫെബ്രുവരി മുതൽ മേയ് വരെ വിശ്രമമില്ലാതെ അദ്ദേഹം പണിയെടുത്തിരുന്നു. ഏപ്രിൽ ആറിന് അദ്ദേഹം ഒരു ദിവസം അവധിയെടുത്തു. പിന്നീട് അബാവോയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മേയ് 28ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ജൂൺ 1ന് ശ്വാസകോശ സംബന്ധ രോഗങ്ങൾ പിടിപ്പെട്ട് അബാവോ മരണത്തിന് കീഴടങ്ങി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബാവോയുടെ മരണത്തിന്റെ 20 ശതമാനം പങ്കും മുതലാളിക്കാണെന്ന് കോടതി വിലയിരുത്തി. തൊഴിലാളികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിച്ച് നിയമ ലംഘനമാണ് നടത്തിയതെന്നും 8 മണിക്കൂർ ജോലി ചെയ്യേണ്ട സ്ഥാനത്ത് ദീർഘ നേരം അബാവോ ജോലി ചെയ്തിരുന്നുവെന്നും കോടതി കണ്ടെത്തുകയായിരുന്നു.