ഡെറാഡൂൺ: കേദാർനാഥ് യാത്രാ പഥത്തിൽ ഉണ്ടായ മണ്ണിച്ചിലിൽ അഞ്ച് മരണം, മൂന്ന് പേർക്ക് പരിക്കേറ്റു. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിൽ പാറകൾ വീണാണ് അപകടം ഉണ്ടായത് . ഇവിടെ തീർത്ഥാടകർ കുടുങ്ങി കിടക്കുന്നുണ്ട് . തുടർച്ചയായി പാറകൾ വീഴുന്നതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ സോൻപ്രയാഗ്-ഗൗരികുണ്ഡ് റൂട്ടിൽ സോൻപ്രയാഗ് മാർക്കറ്റിന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് പാറ വീണത്. ഇത് ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണ്. സംഭവത്തിൽ ഉടനടി പ്രതികരിച്ച സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിനായി വിദഗ്ധ സംഘത്തെ ദുരിതബാധിത പ്രദേശത്തേക്ക് വിന്യസിച്ചു.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിക്കാൻ കഴിഞ്ഞു, അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയവരെ തുടർചികിത്സയ്‌ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Photo : ANI















